Spread the love
സിവിക് ചന്ദ്രനെതിരായ ആദ്യകേസിലെ കോടതിയുടെ നിരീക്ഷണവും വിവാദത്തിൽ

ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിൽ വിമർശനം ഉയരുന്നു. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധർ പറയുന്നത്.നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി.എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി സ്വീകരിച്ച നിലപാടും വിവാദത്തിന് വഴിവെച്ചിരുന്നു.ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

Leave a Reply