ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്‌ലോ വിദഗ്ധ സമിതി നിരസിച്ച തൊട്ടുപിന്നാലെ, ചെന്നൈയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇത് പ്രദർശിപ്പിക്കുമെന്നും സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചൊവ്വാഴ്ച അറിയിച്ചു. തമിഴ്‌നാട്ടിലെ ടാബ്‌ലോ ഒഴിവാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്‌നേഹത്തെയും വ്രണപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിൻ കത്തെഴുതി. “ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ച ടാബ്ലോക്ക് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവാദമില്ല. ഈ സാഹചര്യത്തിൽ, തമിഴ്‌നാടിന്റെ ദേശസ്‌നേഹവും വികാരവും പ്രകടിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ടാബ്‌ലോ അവതരിപ്പിക്കും. ഇത് തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്ക് അയക്കും,” സ്റ്റാലിൻ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി വി.ഒ. ചിദംബരനാർ, മഹാകവി ഭാരതിയാർ, കയ്യിൽ വാളുമായി കുതിരപ്പുറത്തേറിയ റാണി വേലുനാച്ചിയാർ എന്നിവരെ ഉള്‍പ്പെടുത്തിയതായിരുന്നു തമിഴ്നാടിന്റെ ഫ്ലോട്ട്. ആദ്യത്തെ മൂന്നു പരിശോധനകളും വിജയകരമായി മറികടന്നു. പക്ഷേ അന്തിമ പട്ടികയില്‍ നിന്നു പുറത്തായി.