സിനിമ പ്രേമികളുടെ എല്ലാം ഇഷ്ടം നേടിയ ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു. സി പ്രേം കുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
കാർത്തിയും അരവിന്ദ് സാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെയ്യഴകൻ ആണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. 2018 ലായിരുന്നു 96 റിലീസ് ചെയ്തത്. പിന്നീട് 2020 ൽ 96 ന്റെ തെലുങ്ക് പതിപ്പ് ജാനുവും പ്രേംകുമാർ സംവിധാനം ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം പുതിയ ചിത്രങ്ങൾ ഒന്നും തന്നെ പ്രേം കുമാറിൽ നിന്ന് ഉണ്ടായിരുന്നില്ല. ഈ സമയത്ത് താൻ വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സംവിധായകൻ.
ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താൻ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് പ്രേംകുമാർ മനസുതുറന്നത്. 96 ന് ശേഷം വലുതായി താനൊന്നും ചെയ്തിരുന്നില്ല. ബാങ്കിലെ കാശ് കുറയുന്നതിനെ കുറിച്ചും താൻ ബോധവാനായിരുന്നില്ല. ആ ഇടെയാണ് ചെന്നൈ ലയോള കോളെജിൽ ഒരു സെമിനാർ വന്നത്. കൃത്യം ആ ദിവസം തന്നെ ബാങ്കിൽ നിന്ന് ബാങ്ക് ബാലൻസ് കുറഞ്ഞതിനെ കുറിച്ച് മുന്നറിയിപ്പും വന്നു. എന്നാലും ലയോള കോളെജിലെ പരിപാടിക്ക് പോകാമെന്ന് വെച്ചു. കാരണം ആ കോളെജിൽ പഠിക്കണമെന്ന് ഒരിക്കൽ ആഗ്രഹിച്ചിരുന്നെന്നും പ്രേം കുമാർ പറഞ്ഞു.
പിന്നീട് കോളെജിൽ പരിപാടി കഴിഞ്ഞ ശേഷം കാറെടുത്ത് പോകാൻ നോക്കുമ്പോഴാണ് ഡീസൽ റിസേർവിൽ കിടക്കുന്നത് കണ്ടത്. ആ കോളെജിന് അകത്ത് കാർ ഓഫ് ആകരുതെന്നായിരുന്നു തന്റെ പ്രാർത്ഥന. വണ്ടി പെട്ടന്ന് എടുത്ത് പുറത്തേക്ക് പോകാമെന്ന് കരുതിയപ്പോൾ ആണ് കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഒരു ഗേറ്റ് മാത്രമായിരുന്നു തുറന്നുകൊടുത്തിരുന്നത്. ആ ഗേറ്റിലേക്ക് സെക്യൂരിറ്റി വരുന്നത് വരെ കാത്തിരിക്കുകയായിരുന്നു. എന്റെ ചിന്ത മുഴുവൻ കാർ ഓഫ് ആകുന്നതിനെ കുറിച്ചായിരുന്നു. പേഴ്‌സിലും കാശ് ഇല്ല, ബാങ്കിലും കാശില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ച് കുറച്ചുനേരം ഇരുന്നു. അപ്പോഴാണ് കോളെജിൽ വന്നതിന് ഒരു മൊമന്റോയും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്തും ലഭിച്ചത്. സെക്യൂരിറ്റി വരാൻ സമയമെടുക്കും അതുവരെ ഇത് എന്താണെന്ന് നോക്കാമെന്ന് കരുതി. അതിൽ കോളെജിലേക്ക് വന്നതിനുള്ള ഒരു ചെറിയ തുക യാത്ര ചിലവായി ഉണ്ടായിരുന്നു. പിന്നീട് ആ കാശിനാണ് പോയി ഡീസൽ അടിക്കുന്നതെന്നും പ്രേംകുമാർ ഓർത്തെടുക്കുകയുണ്ടായി.
കൃത്യം അടുത്ത ദിവസമാണ് കാർത്തി ഈ സിനിമയുടെ കഥ കേൾക്കാൻ വിളിക്കുന്നതെന്നും ഇപ്പോൾ ആലോചിക്കുമ്പോൾ അതൊരു തമാശയായി തോന്നുന്നെന്നും പ്രേംകുമാർ അഭിമുഖത്തിൽ പറഞ്ഞു. നിരവധി പേരാണ് ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും അവസ്ഥ ഇതുതന്നെയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.