സിനിമാ ലോകവും മോഹൻ ലാൽ ആരാധകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്ര അരങ്ങേറ്റമാണ് മകൾ വിസ്മയയുടേത്. 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിലൂടെയാണ് താരപുത്രി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ ഒരു നടന്റെ മകൻ അല്ലെങ്കിൽ മകൾ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ലെന്നും പ്രണവ് ആണെങ്കിലും വിസ്മയ ആണെങ്കിലും അഭിനയിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുകയായിരുന്നുവെന്നും മോഹൻ ലാൽ ഒരു സ്വകാര്യ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘വിസ്മയ എന്നോട് ഒരു സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. സ്കൂളിൽ അഭിനയിച്ചിട്ടുള്ള ആളാണ് വിസ്മയ. ഒരു പക്ഷേ പ്രണവ് അഭിനയിച്ചത് കണ്ടിട്ടായിരിക്കാം. താൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. ജൂഡ് ആന്തണി ജോസഫിന്റെ ഒരു കഥ കേട്ടു. അത് വിസ്മയയ്ക്ക് വളരെ ചേരുന്നതായി തോന്നി. അങ്ങനെയാണ് അത് ചെയ്യാമെന്ന് കരുതിയത്. പ്രണവും അങ്ങനെയായിരുന്നു. അവന് സിനിമയോട് വലിയ താൽപര്യമില്ലായിരുന്നു. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് ചോദിച്ചതാണ്. ഒരു നടന്റെ മകൻ അല്ലെങ്കിൽ മകൾ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ല. അത് അവരുടെ ഇഷ്ടമാണ്. അവരുടെ ഇഷ്ടം പറഞ്ഞപ്പോൾ അത് ചെയ്തുകൊടുത്തുവെന്ന ഉള്ളൂ. അല്ലാതെ നാളെ മോഹൻലാലിന്റെ മകളാണ് എന്ന് പറഞ്ഞാൽ സിനിമ കിട്ടില്ല. നല്ലപോലെ അഭിനയിച്ചാൽ ആളുകൾ സ്വീകരിക്കും’- മോഹൻലാൽ പറഞ്ഞു.









