നടി ആക്രമിക്കപ്പെട്ട കേസിലും അതിനെ തുടർന്നുള്ള ഗൂഢാലോചന കേസിലും പോലീസ് അന്വേഷണം നേരിടുന്ന ദിലീപിനെതിരെ നിർണായക തെളിവായി പൾസർ സുനിയുടെ കത്തിൻ്റെ ഒർജിനൽ. ജയിലിൽ വച്ച് പൾസർ സുനി ദിലീപിന് അയച്ച കത്തിൻ്റെ ഒർജിനലാണ് കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയിലെ നിർണായക തെളിവായി മാറുകയാണ് ഈ കത്ത്. വ്യാഴാഴ്ച ജയിലിൽ എത്തി അന്വേഷണ സംഘം പൾസർ സുനിയുടെ കൈയ്യക്ഷരത്തിൻ്റെ സാമ്പിൾ ശേഖരിച്ചു. സാംപിൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് കത്തിൽ പൾസർ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്കെടുത്താലും സത്യം മൂടിവെക്കാനാകില്ലെന്നും കത്തിൽ എഴുതിയിട്ടുണ്ട്. 2018 മെയ് 7നാണ് ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്.