അങ്ങാടിപ്പുറം: ഗ്രാമസഭയിൽ പങ്കെടുക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങൾ പ്രഖ്യാപിച്ച് അങ്ങാടിപ്പുറം പഞ്ചായത്തംഗം. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും 23-ാം വാർഡ് അംഗവുമായ ഷബീർ കറുമുക്കിലാണ് സ്വർണ്ണ നാണയവും, പ്രഷർകുക്കറും, മൊബൈൽ ഫോണും, ഡിന്നർ സെറ്റും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ തന്‍റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ചത്.
സെപ്തംബർ നാലിന് രാവിലെ 10ന് അരിപ്ര എ.എം.എൽ.പി സ്കൂളിലാണ് ഗ്രാമസഭ നടക്കുന്നത്. നറുക്കെടുപ്പിൽ സമ്മാനങ്ങൾക്ക് പുറമേ പങ്കെടുക്കുന്ന എല്ലാവർക്കും ഫലവൃക്ഷതൈകളും നൽകുന്നുണ്ട്. വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭയിൽ പങ്കാളിത്തം ഉറപ്പാക്കാൻ സമ്മാന പദ്ധതിയുടെ വിവരം മുഴുവൻ വീടുകളിലും നേരിട്ട് എത്തിച്ചിട്ടുണ്ട് പഞ്ചായത്ത് അംഗം. ഗ്രാമസഭയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി ദുർവിനിയോഗം ചെയ്യുന്നതായി ആരോപിച്ച് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പഞ്ചായത്ത് സെക്രട്ടറിയും പരാതിയും നൽകി.
ഗ്രാമസഭയെ ദുർവിനിയോഗം ചെയ്യുന്നതിനെതിരെ പരാതിയുമായി സിപിഐ (എം)
അങ്ങാടിപ്പുറം: ഗ്രാമസഭയെ ദുർവിനിയോഗം ചെയ്യുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസി. കെ. ഷബീറിന്റെ നടപടിക്കെതിരെ സിപിഐ എം തിരൂർക്കാട് ലോക്കൽ സെക്രട്ടറി സി. ഷഫീഖ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും, പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. ജനാധിപത്യ വിരുദ്ധമായി സമ്മാനങ്ങൾ പ്രഖ്യാപിച്ച് ഗ്രാമസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന് കാണിച്ചാണ് 23-ാം വാർഡ് അംഗം കൂടിയായ കെ ഷബീറിനെതിരെ പരാതി നൽകിയത്. വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കേണ്ട ഗ്രാമസഭയിൽ തന്നിഷ്ടപ്രകാരം ലിസ്റ്റ് തയ്യാറാക്കാൻ ജനങ്ങളെ സ്വാധീനിക്കുന്നതിനായി സ്വർണ മോതിരം, ഗൃഹോപകരണങ്ങൾ എന്നിവയടക്കമുള്ള സമ്മാന പദ്ധതികൾ പ്രഖ്യാപിച്ചാണ് ഗ്രാമസഭ വിളിച്ചു ചേർക്കുന്നതെന്നും പരാതിയിൽ പറയുന്നു.