ഒട്ടാവ∙ എയർകാനഡ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുൻപ് ഒരാൾ പുറത്തേക്കു ചാടി. ജനുവരി 8ന് ടൊറന്റോ രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം നടന്നത്. കാനഡയിൽനിന്ന് ദുബായിലേക്കു യാത്ര തുടങ്ങാനിരുന്ന വിമാനത്തില്‍ സാധാരണ യാത്രക്കാരനെ പോലെ കയറിയ ആളാണ് വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങൾക്കു മുൻപ് പുറത്തേക്കു എടുത്തു ചാടിയത്. വിമാനത്തിന്റെ വാതിലിനു സമീപത്താണ് ഇയാൾ ഉണ്ടായിരുന്നത്.
20 അടി ഉയരത്തിൽനിന്നാണ് യാത്രക്കാരൻ ചാടിയത്. വീഴ്ചയിൽ പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽനിന്ന് പുറത്തേക്കു ചാടിയ യാത്രക്കാരന്റെ പേര് വിവരങ്ങൾ കിട്ടിയിട്ടില്ല. സംഭവത്തെ തുടർന്ന് ആറ് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. അസാധാരണമായ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതർ പറഞ്ഞു .
സംഭവത്തെ തുടർന്ന് പൊലീസ് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായാണു വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് എയർ കാനഡ വിമാനത്തിൽ പതിനാറുകാരൻ കുടുംബാംഗത്തെ ആക്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.