Spread the love
ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു

പെരിന്തൽമണ്ണ: ആംബുലൻസിന്റെ വഴി തടസ്സപ്പെടുത്തി ഡ്രൈവറെ മർദിക്കുകയും രോഗി മരിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്തത് വഴി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം. കേസിലുൾപ്പെട്ട കാറും ആളെയും തിരിച്ചറിഞ്ഞതായി പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവി അറിയിച്ചു. കാർ പിടിച്ചെടുത്ത് കോടതിയിൽ നൽകും. എന്നാൽ, സംഭവത്തിലെ പ്രതി ആരെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ചയാണ് ശ്വാസതടസ്സവും നെഞ്ചുവേദനയുമായി പടപ്പറമ്പിൽനിന്നു പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്ന കരേക്കാട് വടക്കേപീടികയിൽ ഖാലിദ് (35) മരിച്ചത്. യാത്രാമധ്യേ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ആംബുലൻസിനു മുൻപിൽ തിരൂർക്കാട് സ്വദേശിയുടെ കാർ വഴി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ആശുപത്രിയിലെത്തി രോഗിയെ ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ കാറിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ മർദിച്ചതായാണ് പരാതി.
ഇതുകാരണം ഖാലിദിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ അൽപം വൈകി. ഖാലിദ് അരമണിക്കൂറിനുള്ളിൽ മരിച്ചു.
അതേസമയം, സൈക്കിൾ അപകടത്തിൽ പരുക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്നു കാറിലുള്ളവർ.
ഈ സമയം ആംബുലൻസ് ഡ്രൈവർ തങ്ങളോട് അസഭ്യം പറഞ്ഞെന്നും ഇതേ തുടർന്നാണ് പിന്നീട് വാക്കേറ്റം ഉണ്ടായതെന്നും കാറിലുണ്ടായിരുന്ന സ്ത്രീയും പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ആംബുലൻസ് AODA യുടെ നേതൃത്വത്തിൽ ഇന്ന് പെരിന്തൽമണ്ണയിൽ പ്രതിഷേധം നടത്തിയിരുന്നു.

Leave a Reply