Spread the love

താമരശേരി∙ കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനു സമീപം പൊയിൽ അങ്ങാടിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

സ്കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്ന് പിന്നീടു കണ്ടെത്തി. പിക്കപ്പ് വാൻ ഇടിച്ചതിനെത്തുടർന്ന് സ്കൂട്ടർ ബസിനു മുന്നിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനം പിടിച്ചെടുത്ത പൊലീസ് ഡ്രൈവർ അസൈനാരെ അറസ്റ്റ് ചെയ്തു.

കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശേരി കെഎംസിടി മെഡിക്കൽ കോളജിൽ ബി ഫാം വിദ്യാർഥികളാണ്. സെക്കീനയാണ് മരിച്ച ഫാത്തിമ മിൻസിയയുടെ മാതാവ്. മിൻഷാദ്, സിനാദ് എന്നിവർ സഹോദരങ്ങളാണ്.

സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഇന്നലെ രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ എതിരെ വന്ന പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് ഇരുവരും ബസിനു മുന്നിലേക്കു തെറിച്ചു വീഴുകയായിരുന്നു.

രണ്ടു പേരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ മിൻസിയയുടെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാൻ തട്ടി റോഡിലേക്കു മറിഞ്ഞ സ്കൂട്ടറിലേക്ക് ബസ് കയറിയതാണെന്ന് സമീപവാസികൾ അറിയിച്ചു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയതായും നാട്ടുകാർ അറിയിച്ചു.

Leave a Reply