മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നൽകിയ നടപടിക്കെതിരായ ഹർജിയിൽ ലോകയുക്ത വാദം പൂർത്തിയായി. അന്തരിച്ച മുൻ എംഎൽഎമാരായ ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയും രാമചന്ദ്രൻനായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും ദുരിതാ ശ്വസ നിധിയിൽ നിന്നും അനുവദിച്ചിരുന്നു. ഇതിന് പുറമെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും നൽകി. ഈ നടപടികളെല്ലാം അധികാരദുർവിനിയോഗമാണെന്നും അതിനാൽ മന്ത്രിസഭാഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. എന്നാൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും അതിനെ ലോകയുക്തയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും സർക്കാർ വാദിച്ചു.