തൊടുപുഴ : പുലർച്ചെ നഗരത്തിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതിയെ പിന്തുടർന്ന യുവാവിനെ പിടികൂടാനാകാതെ പൊലീസ്. ഈ മാസം 17ന് പുലർച്ചെ 4ന് ഭർത്താവിനെ തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിട്ടശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു പട്ടയംകവല സ്വദേശിയായ യുവതി. മൂപ്പിൽക്കടവ് പാലം കഴിഞ്ഞുള്ള ജംക്‌ഷൻ മുതൽ ഒരാൾ ഇരുചക്ര വാഹനത്തിൽ യുവതിയെ പിന്തുടരാൻ തുടങ്ങി. പട്ടയംകവലയിലെ വീട് വരെ പിന്തുടർന്നു. യുവതി വീട്ടിലേക്കു വണ്ടി കയറ്റിയപ്പോൾ, യുവാവ് ഗേറ്റിന് മുന്നിൽ വാഹനം നിർത്തി. ഇവിടെ കള്ളന്മാരുടെ ശല്യമുണ്ടെന്നും അതിനാൽ സുരക്ഷയ്ക്ക് താൻ ഒപ്പം വന്നതാണെന്നും യുവാവ് പറഞ്ഞു. യുവതി പെട്ടെന്ന് ഗേറ്റ് പൂട്ടി വീടിനുള്ളിൽ കയറി. അന്ന് തന്നെ ജില്ലാ പൊലീസ് മേധാവിക്കും തൊടുപുഴ ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും വനിതാ സെല്ലിലും പരാതി നൽകി. മാല മോഷണമായിരുന്നു യുവാവിന്റെ ഉദ്ദേശമെന്നാണ് സംശയം.
എന്നാൽ പിന്തുടർന്നയാളെ തിരിച്ചറിയാൻ ഇതുവരെയും തൊടുപുഴ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയുടെ വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മൂപ്പിൽക്കടവ് പാലം കഴിഞ്ഞുള്ള ജംക്‌ഷനിലും മങ്ങാട്ടുകവലയിലും ഒന്നിലേറെ നിരീക്ഷണ ക്യാമറകളുണ്ട്. ഇതിൽ പലതും പ്രവർത്തനക്ഷമമല്ല എന്നതിനാലാണ് പ്രതിയെക്കുറിച്ച് സൂചന പോലും കിട്ടാത്തതെന്നാണ് വിവരം. മറ്റെന്തെങ്കിലും ആപത്ത് സംഭവിച്ചിരുന്നെങ്കിൽ പ്രതിയെ പൊലീസ് എങ്ങനെ കണ്ടെത്തുമായിരുന്നെന്ന് പരാതിക്കാരി ചോദിക്കുന്നു. അതേസമയം, പ്രതിയെക്കുറിച്ച് ചെറിയ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു.