മലപ്പുറം: കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടി സ്വീകരിക്കും. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കണ്ണൂർ മാങ്ങാട് സ്വദേശിയാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്.
നിഹാദിന്റെ മുറിയിൽ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവയായിരുന്നു കണ്ടെടുത്തത്. ഇതിൽ നിന്നും മറ്റു വകുപ്പുകൾ ചുമത്തേണ്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം എറണാകുളത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും നിഹാദിന് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ് നിർദേശം. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് എറണാകുളത്ത് പോയി പെട്ടെന്ന് കസ്റ്റഡിയിലെടുത്തത്.