Spread the love

കണ്ണൂര്‍ പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു.രാത്രി 11 മണിക്ക് യാസികയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി മുത്തുവിന്റെ സഹോദര പുത്രിയായ 12 കാരി പോലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടി വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കി.അതേസമയം കുട്ടി തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

Leave a Reply