പൊതു ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ റെഡി. മന്ത്രി വീണാ ജോർജ് പോർട്ടൽ ലോഞ്ച് ചെയ്തു. പോർട്ടലിൽ പരാതികൾ നേരിട്ട് നൽകാനും അതിൻമേൽ എടുത്ത നടപടികൾ അറിയാനും സാധിക്കും, പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോ അപ്‌ലോഡ് ചെയ്യാനും കഴിയും.
* പരാതിപ്പെടേണ്ടത് ഇങ്ങനെ *
ആദ്യമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജിൽ റിപ്പോർട്ട് കംപ്ലൈയ്ന്റ്, മൈ കംപ്ലൈയ്ന്റ്സ് എന്നീ രണ്ട് ഐക്കണുകൾ കാണാം. ആദ്യം രജിസ്റ്റർ ചെയ്യണം, രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ഒ.ടി.പി എടുക്കുക, തുടർന്ന് പേര്, ഒ.ടി.പി എന്നിവ നൽകുമ്പോൾ കംപ്ലൈയ്ന്റ് രജിസ്റ്റർ ചെയ്യാനുള്ള പേജ് വരും.
അതിൽ ജില്ല, സർക്കിൾ, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷൻ, ലാൻഡ്‌മാർക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങൾ എന്നിവ നൽകണം. തുടർന്ന് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹമില്ലെങ്കിൽ നോ ഐക്കൺ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം. ഹോം പേജിലെ മൈ കംപ്ലൈയ്‌ന്റ്സിലൂടെ പരാതിയിൻമേൽ സ്വീകരിച്ച നടപടികളും അറിയാൻ കഴിയും.