Spread the love

തൃശൂർ: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചപ്പോൾ ശരീരത്തിലുണ്ടായ പരിക്ക് മരണകാരണമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കുട്ടിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മൂന്ന് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിയ റെ‌ഡ്മി 5 പ്രോ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടം നടക്കുന്ന സമയം ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിന്റെ ഉള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചിരുന്നു.

സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിന്റെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Leave a Reply