ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണമെന്നും അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓൾ ഇന്ത്യാ ലെവൽ പരീക്ഷയിലൂടെ മേൽക്കോടതിയിലേക്ക് ഉയർത്തണമെന്നും രാഷ്ട്രപതി പറഞ്ഞു. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ “പ്രസക്തമായ വിഷയമാണ്”, അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മങ്ങലേൽപ്പിക്കാതെ തന്നെ ശ്രമിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിലപേശൽ സാധ്യമല്ലെന്ന ഉറച്ച വീക്ഷണമാണ് എനിക്കുള്ളത്. അതിനെ ഒട്ടും നേർപ്പിക്കാതെ, മേൽക്കോടതികളിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് മികച്ച മാർഗം കണ്ടെത്താനാകുമോ,” വിജ്ഞാന് ഭവനിൽ ‘ഭരണഘടനാ ദിനം’ ആഘോഷിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ചോദിച്ചു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ വി രമണയും സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത ചടങ്ങിലായിരുന്നു രാഷ്ട്രപതിയുടെ പ്രഭാഷണം. “ജഡ്‌ജി തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കുന്നതിന് മികച്ച നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആത്യന്തികമായി, നീതി ന്യായ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം,” കൊവിന്ദ് പറഞ്ഞു. കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആക്ട് അരനൂറ്റാണ്ടിലേറെയായി പരീക്ഷിക്കപ്പെടാതെ നിലനിൽക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.