പെട്രോളിയം ഉൽപ്പന്നങ്ങളെ പോലെ വൈദ്യുതിയുടെയും വില നിർണ്ണയാധികാരം കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ നിർണ്ണായക ചട്ടം ഭദഗതിക്കു ഒരുങ്ങുന്നു. ഇനി മുതൽ എല്ലാ മാസവും വൈദ്യുതിക്കും വില വർദ്ദിക്കും. 2005 ലെ വൈദ്യുതി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. ഇതിന്റെ കരടിന്മേൽ ഊർജമന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
ഇനി മുതൽ കമ്പനികൾക്കു നിരക്കു വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മിഷനുകളുടെ അനുമതി ആവശ്യമില്ല. ഇന്ധനച്ചെലവ്, വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ്, പ്രസരണ ചാർജ് എന്നിവയിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് ഓരോ മാസവും നിരക്കു വർധിപ്പിക്കാൻ ഇതിലൂടെ വിതരണക്കമ്പനികൾക്ക് അവസരമൊരുങ്ങും.
രാജ്യത്തെ ഭൂരിഭാഗം വിതരണക്കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണു ഇതിനു കാരണമായി സർക്കാർ പറയുന്ന ന്യായം. അതിനാൽ വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നതിന്റെ നിരക്കിലും ഇന്ധനച്ചെലവിലും വർധനയുണ്ടാകുന്നതിന്റെ ഭാരം വിതരണക്കമ്പനികളുടെ മേൽ വരാതിരിക്കാനാണു ഈ നീക്കം എന്നും സർക്കാർ പറയുന്നു.