Spread the love

കുടുംബത്തിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരെ നിയമപോരാട്ടവുമായി തെലുങ്ക് സൂപ്പർതാരം നാഗാർജുന. ക്രിമിനൽ മാനനഷ്ടക്കേസിന് പുറമെ 100 കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള കേസും ഫയൽ ചെയ്തതായി നാഗാർജുന മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന്റെ സൽപ്പേരിന് കോട്ടം തട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നാഗാർജുന പുതിയ കേസ് രജിസ്റ്റർ ചെയ്തത്. മാപ്പുപറഞ്ഞാൽ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും നാഗാർജുന വ്യക്തമാക്കി. ഇതിനിടെ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഫിലിം ചേംബർ കത്തയച്ചു.

ഒക്ടോബർ 2 നാണ് കൊണ്ട സുരേഖ വിവാദ പരാമർശം നടത്തിയത്. നാഗാർജുനയുടെ മകൻ നാഗചൈതന്യയുടെയും മുൻ ഭാര്യ സമാന്തയുടെയും വിവാഹമോചനത്തിന് കാരണം മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെടി രാമറാവുവാണെന്നാണ് സുരേഖ ആരോപിച്ചത്. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെന്‍റർ പൊളിച്ചുമാറ്റാതിരിക്കാൻ സമാന്തയെ താൻ സംഘടിപ്പിക്കുന്ന ലഹരി പാർട്ടിയിലേക്ക് അയക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സമാന്ത വിസമ്മതിച്ചതുമാണ് വിവാഹമോചനത്തിന് കാരണമായത് എന്നുമാണ് കൊണ്ട സുരേഖ പറഞ്ഞത്.മന്ത്രിയുടെ പരാമർശത്തിനെതിരെ സമാന്തയും നാഗചൈതന്യയും രംഗത്ത് എത്തിയിരുന്നു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും പരസ്പര സമ്മതത്തോടെ ആയിരുന്നെന്നുംതാരങ്ങൾ പറഞ്ഞു. ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് പേരുകൾ വലിച്ചിഴക്കരുതെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ പരാമർശം വിവാദമായതോടെ മന്ത്രി പ്രസ്താവന പിൻവലിച്ചിരുന്നു. സമാന്തയ്ക്കോ ആരാധകർക്കോ വേദനിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം കൊണ്ട സുരേഖയ്‌ക്കെതിരെ കെ ടി രാമറാവു നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തിപരമായ പരാമർശം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്നാണ് കെ ടി ആറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്

Leave a Reply