ചെറുപുഴ : കൃഷികൾക്കും കർഷകനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന നടപടി നിലച്ചു. വനംവകുപ്പിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കാട്ടുപന്നി വേട്ടയാണു പാതിവഴിയിൽ നിലച്ചത്. ഇതോടെ മലയോര മേഖലയിലെ കർഷകർ വീണ്ടും പ്രതിസന്ധിയിലായി.
കഴിഞ്ഞ 12 നാണു ചെറുപുഴ പഞ്ചായത്തിലെ 16-ാം വാർഡിൽപെട്ട പാറോത്തുംനീർ, നാരോത്തുംകുണ്ട്, മേലുത്താന്നി ഭാഗങ്ങളിൽ 35 അംഗ എംപാനൽ ഷൂട്ടർമാർ വേട്ടനായ്ക്കളുടെ സഹായത്തോടെ നായാട്ട് തുടങ്ങിയത്. എന്നാൽ രാവിലെ മുതൽ വൈകിട്ടു വരെ തിരച്ചിൽ നടത്തിയിട്ടും വെറും 2 പന്നികളെ മാത്രമെ നായാട്ടു സംഘത്തിനു കണ്ടെത്താൻ സാധിച്ചുള്ളൂ. ഇതിൽ ഒന്നിനു വെടിയേറ്റുവെങ്കിലും ഇതിനെ കണ്ടെത്താൻ സാധിച്ചില്ല.
കപ്പ നശിപ്പിച്ച നാരോത്തുംകുണ്ടിലെ അരീക്കൽ ബിനീഷ്കുമാറിന്റെ കൃഷിയിടത്തിലാണു കാട്ടുപന്നി വേട്ടയ്ക്ക് തുടക്കം കുറിച്ചത്. എന്നാൽ നായാട്ടു കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണു കർഷകരും നാട്ടുകാരും പറയുന്നത്. കുന്നും മലകളും നിറഞ്ഞ മലയോര മേഖലയിൽ കാട്ടുപന്നി വേട്ട അത്ര ഏളുപ്പമല്ല. പകൽ സമയത്തെ നായാട്ടും, പ്രദേശവുമായി യാതൊരു ബന്ധമില്ലാത്തവർ വേട്ടയ്ക്ക് ഇറങ്ങിയതും നായാട്ടിന്റെ പരാജയത്തിനു ഇടയാക്കിയെന്നാണു നാട്ടുകാർ പറയുന്നത്.