Spread the love

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷാൻ റഹ്‌മാൻ പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരവുമായി പരിപാടിയുടെ ഡയറക്ടർ നിജു രാജ്. പരിപാടിക്കായി 35 ലക്ഷം രൂപ ചെലവഴിച്ചെന്നും അത്രയും പണം ചെലവാക്കിയില്ലെന്ന് ഷാൻ റഹ്‌മാൻ പറയുന്നത് തെറ്റാണെന്നും നിജു രാജു പറഞ്ഞു. ഈ പരാതിയുമായി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഷാൻ റഹ്‌മാൻ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു എന്നും നിജു രാജ് പറഞ്ഞു.

35 ലക്ഷം രൂപയാണ് പരിപാടിക്കായി ചെലവഴിച്ചത്. അത്രയും പണം ചെലവഴിച്ചില്ല എന്നാണ് ഷാൻ റഹ്‌മാൻ പറയുന്നത്. എന്നാൽ അത് തെറ്റാണ്. അതിന്റെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് പൊലീസിന് കൈമാറിയിരുന്നു. പരിപാടി നഷ്ടമാണെന്നുള്ളത് പച്ചക്കള്ളമാണ്. ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം 39 ലക്ഷം ഷാൻ റഹ്‌മാന്‌ ലഭിച്ചിരുന്നു. ഇതിന് പുറമെ സ്പോൺസർഷിപ്പായി 25 ലക്ഷം രൂപയും ലഭിച്ചു. അങ്ങനെ മൊത്തത്തിൽ 64 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. അത്തരത്തിൽ വലിയ പണം ലഭിച്ചിട്ടുമാണ് അദ്ദേഹം കള്ളം പറയുന്നത്. ഈ പരാതിയുമായി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഷാൻ റഹ്‌മാൻ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് ഷാൻ റഹ്‌മാൻ തന്നിരുന്നു. ആ വീഡിയോ ചെയ്യാൻ സമ്മതിക്കാത്തത്കൊണ്ട് നിരന്തരമായി ഷാൻ റഹ്‌മാൻ ഭീഷണിപ്പെടുത്തുകയാണ്’, നിജു രാജ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് നിജു രാജിനെതിരെ വീഡിയോയുമായി ഷാൻ റഹ്‌മാൻ രംഗത്തെത്തിയത്. നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ കൊടുത്തുവെന്നും ഷാൻ പറഞ്ഞു.

മാർച്ച് 25നാണ് ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്ന വാർത്തകൾ പുറത്തുവരുന്നത്. കൊച്ചിയില്‍ ജനുവരിയില്‍ ആണ് കേസിന് ആസ്പദമായ ഈവന്‍റ് നടന്നത്. ഉയിരെയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമയായ നിജു രാജിന്‍റെ പരാതി.

Leave a Reply