ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം, പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ടേനിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ ഗ്രാമത്തിൽ നിന്നുതന്നെയാണ് ചിതാഭസ്മ കലശയാത്രയ്ക്കും തുടക്കം. ആദ്യം ശ്രാദ്ധ ചടങ്ങുകൾ നടത്തും. അതിന് ശേഷമാണ് നാല് കർഷകരുടെയും ഒരു മാധ്യമപ്രവർത്തകന്റെയും ചിതാഭസ്മം വഹിച്ചുള്ള കലശയാത്ര ആരംഭിക്കുക.
രാജ്യവ്യാപകമായി ഇന്ന് കർഷക രക്തസാക്ഷി ദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകർക്ക് സ്മരണാഞ്ജലിയായി രാത്രിയിൽ അഞ്ച് മെഴുകുതിരികൾ കത്തിക്കാൻ അഖിലേന്ത്യാ കിസാൻ സഭയും ആഹ്വാനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സംഘം മരിച്ച കർഷകൻ ലവ് പ്രീത് സിംഗിന്റെയും, മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെയും ബന്ധുക്കളെ സന്ദർശിച്ചു.
ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചായിരുന്നു നടപടി. വിശദമായി ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആശിഷ് മിശ്രയെ കസ്റ്റഡിയിൽ പീഡിപ്പിക്കാനുള്ള ശ്രമമെന്ന വാദം കോടതി തള്ളി.
ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 11 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻകൂടിയായ ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്.