നവംബർ രണ്ട് വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.
ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം പ്രവർത്തികൾ ചെയ്യരുത്.
പത്രം,പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു