Spread the love

തിരുവനന്തപുരം: യുഡിഎഫിൽ പോകണമോയെന്ന അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിൽ സിപിഐ എൽഡിഎഫ് വിടേണ്ട ആവശ്യമില്ലെന്നും ഇൻഡ്യ മുന്നണി ഒരു യാഥാർഥ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ തിരുത്തൽ ശക്തിയാകുന്നില്ല എന്ന വിമർശനം പാർട്ടി യോഗങ്ങളിൽ ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു. മുന്നണി വിട്ട് സിപിഐ യുഡിഎഫിന്റെ ഭാഗമാകണമെന്നായിരുന്നു ഏറ്റവുമധികമെത്തിയ അഭിപ്രായങ്ങളും.

ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ അഭിമുഖത്തിൽ, യുഡിഎഫിലേക്ക് പോകണമെന്ന് സിപിഐയിൽ അഭിപ്രായമുണ്ടല്ലോ എന്ന ചോദ്യത്തിനാണ് അംഗങ്ങൾക്ക് അഭിപ്രായം പറയാം എന്ന് ബിനോയ് വിശ്വം മറുപടി പറഞ്ഞത്. എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകില്ല എന്ന് പറയാൻ കഴിയുമോ എന്ന് ചോദിച്ചപ്പോളായിരുന്നു നിലവിൽ അതിന്റെ ആവശ്യമില്ല എന്ന മറുപടി. എന്നാൽ, ഇൻഡ്യാ മുന്നണി ഒരു യാഥാർഥ്യമാണ്, ഭാവി കാര്യങ്ങൾ പാർട്ടി കോൺഗ്രസ് തീരുമാനിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

സിപിഐയുടെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് എന്നായി അടുത്ത ചോദ്യം. ഇതിന് സിപിഐയുടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോൻ ആണെന്ന് ബിനോയ് വിശ്വം മറുപടി നൽകി. അപ്പോൾ ഇഎംഎസോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്റേയാ മഹത്വമുണ്ടെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്റെ പ്രവർത്തനം പ്രശംസനീയം എന്നും ബിനോയ് വിശ്വം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ശൈലിയെ മാത്രം കുറ്റംപറഞ്ഞുള്ള ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയ പാർട്ടി സെക്രട്ടറി, അദ്ദേഹം വർഷങ്ങൾ പരിചയമുള്ള നേതാവാണെന്നും തിരുത്തലുകൾ വേണമെങ്കിൽ അദ്ദേഹമത് ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply