Spread the love

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ നടപടികൾ ഒരുക്കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 24 മണിക്കൂർ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 36 മണിക്കൂർ വരെ ആ സ്ഥിതി തുടർന്നേക്കാം.

ചില മേഖലകളിൽ അതിശക്തമായ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മലയോര മേഖലകളിലെ മഴ സാധാരണയിൽ നിന്ന് വ്യത്യസ്തമായി അൽപ്പംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇടവിട്ടുണ്ടാകുന്ന മഴ മണ്ണ് നന്നായി കുതിർക്കാനുള്ള സാഹചര്യമുണ്ടാക്കും. മണ്ണിടിച്ചിൽ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് ഇടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത്‌ 91 ക്യാമ്പുകളിലായി 651 കുടുംബങ്ങളുണ്ട്. 2096 പേരാണ് ക്യാമ്പുകളിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡാമുകളെ സംബന്ധിച്ച് ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പല ഡാമുകളിലും ഭീതിതമായ രീതിയിൽ വെള്ളമില്ലെന്നും കൂട്ടിച്ചേർത്തു. തൃശൂർ പെരിങ്ങൽക്കുത്ത്‌ ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസർഗോഡ് ജില്ലകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മറ്റുള്ള ജില്ലകളില്‍ ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ട്.

Leave a Reply