Spread the love

കൊച്ചി: സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.

പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടർന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടർന്ന് വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ആലത്തൂര്‍ പത്തനാപുരത്തെ താല്‍കാലിക നടപ്പാലം പൂര്‍ണമായും നിലം പൊത്തി. നേരത്തെ പാലത്തിന്റെ ഒരു വശം തകര്‍ന്ന് വീണിരുന്നു. പത്തനാപുരം സ്വദേശികള്‍ക്ക് ഗായത്രിപുഴ കടക്കാന്‍ ആകെയുണ്ടായിരുന്ന നടപ്പാലമാണ് തകര്‍ന്നത്. ഇതോടെ പ്രദേശത്തെ 1500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അട്ടപ്പാടിയില്‍ മരം വീണ് വീട് തകരുകയും ചെയ്തു. അട്ടപ്പാടി ചോലക്കാട് സ്വദേശിനി ലീലാമ്മയുടെ വീടാണ് തകര്‍ന്നത്.

പലയിടങ്ങളിലും കനത്തമഴിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണു. ആലുവ തോട്ടക്കാട്ടുകര പെരിയാര്‍ ഫ്‌ളാറ്റിന് മുന്നില്‍ മരം വീണു. ജിസിഡിഎ റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് മരം വീണത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കനത്തമഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. പെരിയാര്‍ കരകവിഞ്ഞാണ് ക്ഷേത്രത്തിലും മണപ്പുറത്തും വെള്ളം കയറിയത്.

ഇടുക്കിയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുട്ടി, കല്ലാര്‍, പാബ്ല അണക്കെട്ടുകളാണ് തുറന്നത്. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ പിന്നീട് അടച്ചു. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ദിവസത്തിലായി ഒന്നരക്കോടിയുടെ നഷ്ടമാണുണ്ടായത്. ഹൈറേഞ്ചില്‍ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടമാണുണ്ടായത്.

മാട്ടുപ്പെട്ടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട്-മയിലാടുപാറ റൂട്ടില്‍ വിവിധ ഇടങ്ങളില്‍ മരം വീണു. വാഹനഗതാഗതം ഭാഗികമായി നിലച്ചു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. വട്ടക്കണ്ണി പാറയ്ക്ക് സമീപവും തിങ്കള്‍ക്കാട് സമീപവും മരം വീണു. മേഖലയില്‍ വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു.

Leave a Reply