ചുരുളി സിനിമ ഇറങ്ങിയതിന് പിന്നാലെ പുലിവാല് പിടിച്ചത് യഥാർഥ ചുരുളിക്കാരാണ്. ഇടുക്കി ജില്ലയിലെ ചെറുതോണിക്കടുത്താണ് ശരിക്കും ചുരുളി. സിനിമയിലെ ചുരുളിക്കാരുടെ അസഭ്യം പറച്ചിലിനെ കുറിച്ച് നാടെങ്ങും ചർച്ചയായതോടെ നാട്ടുകാർക്കുണ്ടായ മാനക്കേട് മാറ്റാൻ സാംസ്കാരിക മന്ത്രി സജി ചെറിയാനു നിവേദനം കൊടുക്കാനൊരുങ്ങുകയാണ് ചുരുളിക്കാർ. കാണാം തനിനാടന്‍ ചുരുളിക്കാഴ്ച്ചകള്‍.
പ്രകൃതി നിറയുന്ന ചെറിയ ഗ്രാമം. അരുവിയും, പൂക്കളും, തണുത്ത കാറ്റും, കൃഷിയുടെ നന്മയും നിറഞ്ഞ കുടിയേറ്റ കര്‍ഷകന്റെ നാട്. ഈ പേരുവന്നതിനും ഒരു കാരണമുണ്ട്. നിയമസഭാ ചരിത്രത്തിൽ വരെ ഇടം പിടിച്ചിട്ടുണ്ട് ചുരുളി. 1960 കളിൽ ജീവിക്കാൻ വേണ്ടി ചുരുളി കീരിത്തോട്ടിൽ എത്തിയ കർഷകരുടെ കുടിയൊഴിപ്പിക്കല്‍ നടപടികളും തുടർന്ന് എകെജി, അടക്കമുള്ളവർ നടത്തിയ സമരവും പ്രസിദ്ധമാണ്.
ഒരു മദ്യശാല പോലുമില്ലാത്ത ഈ നിഷ്കളങ്ക ഗ്രാമത്തിന്റെ മുഖഛായക്കു കളങ്കം വരുത്തുന്ന രീതിയിലുള്ള വാക്പ്രയോഗങ്ങളാണ് ചിത്രത്തിലുടനീളം പ്രയോഗിച്ചതെന്ന് നാട്ടുകാർ പറയുന്നു. എങ്കിലും നാടിന്റെ പേര് ലോകമെമ്പാടും അറിഞ്ഞ സന്തോഷത്തിലാണ് ഇവര്‍. സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്ന ജാഫർ ഇടുക്കിയുടെ ജന്മനാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലമെന്ന പ്രത്യേകതയും ചുരുളിക്കുണ്ട്.