മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് നേരിടുന്നവരെ കുറിച്ച് നടി കൃഷണപ്രിയ നടത്തിയ പരാമർശം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ വിളിക്കുന്നതെന്നും വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് ഓവർ തിങ്കിങ്ങും ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നുമാണ് നടി പറഞ്ഞത്. വിഷയം എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത മട്ടാണ്. നടിയെ കുറ്റപ്പെടുത്തിയും രൂക്ഷമായി വിമർശിച്ചും പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തിയപ്പോൾ സിനിമ രംഗത്തുള്ളവർ തിരുത്തലുകളുമായും എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു സൈക്കോളജിസ്റ്റ് നടിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ, നടി സാനിയ അയ്യപ്പൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തതോടെ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിയിരിക്കുകയാണ്.സാനിയ അയ്യപ്പൻ പങ്കുവച്ച വിഡിയോയിൽ കൃഷ്ണപ്രഭയുടെ വാക്കുകളും അതിനു മറുപടി പറയുന്ന സൈക്കോളജിസ്റ്റിനെയും കാണാം.
നടിയുടെ വാക്കുകൾ..
‘എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോയികിട്ടാന്‍ ഒരു പാടുമില്ല. രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക, അപ്പോള്‍ ഉച്ചയാവും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. സമയം പോയി. ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്നം പറയുന്നത് കേള്‍ക്കാം, ഓവർ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കെയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ, മൂഡ് സ്വിങ്സ് എന്നൊക്കെ.., ഞങ്ങള്‍ തമാശക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍, പുതിയ പേരിട്ടു. അതൊക്കെ വരാന്‍ കാരണം എന്താന്ന് അറിയുവോ, വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ..
‘‘ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് അല്ലേ. പൊതുവായിട്ടുള്ള ഒരു ധാരണയാണ് മടി പിടിച്ചിരിക്കുന്നത് കാരണം, വേറൊന്നും ചെയ്യാൻ ഇല്ലാത്തത് കാരണം , ഒരുപാട് ഫ്രീ ടൈം ഉള്ളത് കാരണം.. അതുകൊണ്ട് മാത്രമാണ് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിങ്സ് ഒക്കെ വരുന്നതെന്ന്. പക്ഷേ ഇതുകൊണ്ടു മാത്രമല്ല മാനസിക രോഗങ്ങൾ വരുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ചിലപ്പോൾ ജോലി സബന്ധമായിരിക്കും, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ കുടുംബ സംബന്ധമായത് ആയിരിക്കും, ചിലപ്പോൾ ജൈവികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ ആയിരിക്കും. ഇതിനൊക്കെ പല കാരണങ്ങൾ ഉണ്ട്.
ഇതൊന്നും അറിയാൻ പാടില്ലെങ്കിൽ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുക. ഇതൊന്നും ചിരിച്ചു തള്ളാനുള്ള കാര്യങ്ങളല്ല. ബാക്കി ഉള്ളവർക്ക് വരുമ്പോഴേ നമുക്ക് ചിരിച്ചു തള്ളാൻ പറ്റൂ , നമ്മൾ ആ പ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമേ നമുക്ക് അത് മനസ്സിലാകൂ. അതുകൊണ്ടു മാനസിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുക. അല്ലാതെ ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടരുത്.’’ കൃഷ്ണപ്രഭയുടെ പരാമർശങ്ങളെവിമർശിച്ചുകൊണ്ട് സൈക്കോളജിസ്റ്റ് ഇങ്ങനെ പറഞ്ഞ വീഡിയോയാണ് സാനിയ പങ്കുവച്ചത് .








