കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമയിൽ അവസരം നഷ്ടപ്പെട്ട കാര്യം തുറന്നുപറഞ്ഞ് നടൻ ഹരീഷ് കണാരൻ. ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് താൻ താരസംഘടനയായ അമ്മ സംഘടനയിൽ പരാതി നൽകുകയായിരുന്നുവെന്നും ഇതേതുടർന്ന് തനിക്ക് പല ചിത്രങ്ങളിലായി ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ അയാൾ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും നടൻ തുറന്നു പറയുന്നു.
‘ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അദ്ദേഹം. 20 ലക്ഷത്തോളം രൂപ ഞാൻ അദ്ദേഹത്തിന് കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ അദ്ദേഹം എനിക്ക് തിരിച്ചുതന്നു. എന്റെ വീട് പണി നടക്കുന്ന സമയത്ത് ഞാൻ ബാക്കി പണം തിരികെ ചോദിച്ചു. എന്നാൽ പണം ലഭിച്ചില്ല. ഇതോടെ ഞാൻ അമ്മ സംഘടനയിൽ പരാതി നൽകി.ഇതിന്റെ വൈരാഗ്യത്തിൽ ആയിരിക്കണം, അദ്ദേഹം ഇടപെട്ട് ഞാൻ അഭിനയിക്കേണ്ട ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും എനിക്ക് നഷ്ടമായി. ഒരിക്കൽ ടൊവിനോയെ കണ്ടപ്പോൾ എന്നോട് ചോദിച്ചിരുന്നു ‘ചേട്ടനെ കണ്ടില്ലല്ലോ’ എന്ന്. അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങൾ എനിക്ക് നഷ്ടമായി. നടൻ പറയുന്നു.









