ആലപ്പുഴ∙ ചായക്കടക്കാരന്റെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന ആൾ മരിച്ചു. ആലപ്പുഴ വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ (60) ആണ് മരിച്ചത്. സംഭവത്തിൽ പരുമല കോട്ടയ്ക്കമാലി വാലുപറമ്പിൽ മാർട്ടിൻ (48) അറസ്റ്റിലായി ജയിലിലാണ്. ഇയാൾക്കെതിരേ കൊലക്കേസ് ചുമത്തും. കഴിഞ്ഞ ഡിസംബർ 21നാണു സംഭവം. പരുമല ആശുപത്രിക്കു മുൻപിൽ ചായക്കട നടത്തുകയാണ് ഇയാൾ. മരിച്ചയാൾ പ്രതിയുടെ കടയിൽ ചായ കുടിക്കാതെ സമീപത്തുള്ള കടയിൽ പോകുന്നതിന്റെ വൈരാഗ്യമാണ് സംഭവത്തിനു കാരണം. അന്നേദിവസം രാത്രി 8.45നാണ് സംഭവം. പ്രതിയുടെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് റാവുത്തർ ചൊവാഴ്ച രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.