Spread the love
ഗുഡ്സ് ട്രെയിനുകളുടെ ഓട്ടം തോന്നുംപടി; യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു

പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിൽ കൃത്യമായ ഷെഡ്യൂൾ പാലിക്കാതെയുള്ള ഗുഡ്‌സ് ട്രെയിനുകളുടെ ഓട്ടം പാതയിലെ യാത്രാ ട്രെയിനുകൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ട്രെയിനുകളുടെ സമയത്ത് എത്തുന്ന ഗുഡ്‌സ് ട്രെയിനുകൾ കാരണം പലപ്പോഴും യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്ന സാഹചര്യമുണ്ട്. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് കണക്‌ഷൻ ട്രെയിനുകൾ ലഭിക്കാതെ ദുരിതത്തിലാകുന്നത്. രാവിലെ 11.30 മുതൽ ഉച്ചയ്‌ക്ക് 2 വരെ പാതയിൽ യാത്രാ ട്രെയിനുകളില്ലാത്ത സമയമാണ്.

ഈ സമയങ്ങളിലേക്ക് ഗുഡ്‌സ് ട്രെയിനുകൾ ക്രമീകരിച്ചാൽ യാത്രാ ട്രെയിനുകളെ ബാധിക്കില്ല. എന്നാൽ കഴിഞ്ഞ 2 ദിവസങ്ങളിൽ വന്ന ഗുഡ്‌സ് ട്രെയിനുകൾ വൈകിട്ട് റൂട്ടിൽ യാത്രാവണ്ടികളുള്ള സമയത്താണ് എത്തിയത്. ഇതുമൂലം രണ്ട് ദിവസങ്ങളിലും ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഞായർ വൈകിട്ട് 3.50 ന് അങ്ങാടിപ്പുറത്ത് നിന്ന് പോകേണ്ട കോട്ടയം എക്‌സ്‌പ്രസ് വൈകിട്ട് 6.05 ന് ആണ് പുറപ്പെട്ടത്. പാലക്കാട് വണ്ടിയും ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു.

പാലക്കാട് വണ്ടിയിൽ കൂ‌ടുതൽ യാത്രക്കാരും ഷൊർണൂരിൽ നിന്നുള്ള എറണാകുളം ഇന്റർസിറ്റി, ചെന്നൈ മെയിൽ, കണ്ണൂർ ഇന്റർ സിറ്റി ട്രെയിനുകളിൽ പോകാനുള്ളവരാണ്. പാലക്കാട് നിന്ന് ബെംഗളൂരു, ചെന്നൈ ഭാഗങ്ങളിലേക്ക് ഉള്ളവരുമുണ്ട്. ഗുഡ്‌സ് ട്രെയിനിന്റെ അപ്രതീക്ഷിതമായ വരവ് മൂലം അങ്ങാടിപ്പുറത്തോ വാണിയമ്പലത്തോ മുന്നറിയിപ്പില്ലാതെ യാത്രക്കാർ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്.

പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം, സതേൺ റെയിൽവേ ജന. മാനേജർ, ഡിവിഷൻ മാനേജർ ഉൾപ്പെടെയുള്ളവർക്ക് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്.

Leave a Reply