. ന്യൂഡൽഹി : ഖലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സർക്കാർ പ്രതികരിച്ചു.
കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു പറയുന്നു.
‘നോക്കൂ, കാനഡ സുരക്ഷിത രാജ്യമാണെന്ന് എല്ലാവർക്കും അറിയാമെന്നു കരുതുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളിലെ സംഭവങ്ങളും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോൾ, എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്. ഏതു മാനദണ്ഡമനുസരിച്ചും കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ്. നിയമവാഴ്ചയുള്ള രാജ്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ആരോപണങ്ങൾ ഗൗരവമുള്ളതാണ്’’– ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
കൃത്യം ഒരു വർഷം മുൻപ്, 2022 സെപ്റ്റംബർ 23നും ഇന്ത്യ സമാന മുന്നറിയിപ്പ് നൽകിയിരുന്നു. ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു ഇന്ത്യ–കാനഡ ബന്ധം ഇപ്പോൾ ആടിയുലഞ്ഞത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളിയാണു നിജ്ജാർ. കാനഡയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.