
ന്യൂഡൽഹി : നഗരമധ്യത്തിൽ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പുറത്തുവന്നെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മേയ് 28ന് രോഹിണിയിലെ ഷാഹ്ബാദിൽ ആളുകൾ നോക്കിനിൽക്കെയാണു സാക്ഷിയെ (16) പ്രതി സാഹിൽ (20) കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്.
16–17 പേജുള്ള റിപ്പോർട്ടാണ് ആശുപത്രിയിൽനിന്നു പൊലീസിനു ലഭിച്ചതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതിക്രൂരവും തീവ്രവുമായ രീതിയിൽ പെൺകുട്ടിയെ സാഹിൽ 16 തവണ കുത്തിയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആഴത്തിൽ കുത്തേറ്റതിനെ തുടർന്നു പെൺകുട്ടിയുടെ കുടൽമാല ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ വയറ്റിൽനിന്നു പുറത്തുചാടി.
നിരവധി തവണ കുത്തിയശേഷം സാക്ഷിയുടെ തലയിൽ പാറ കൊണ്ട് സാഹിൽ ഇടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ ദേഹമാകെ അനേകം മുറിപ്പാടുകളുണ്ട്. തലയ്ക്കകത്തെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലെയും അസ്ഥികൾക്കു പൊട്ടൽ സംഭവിച്ചെന്നും ഡോക്ടർമാർ വ്യക്തമാക്കി. അപകടസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്ത കത്തിയും ഷൂവും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
സാഹിലിനെ യുപിയിലെ ബുലന്ദ്ഷെഹറിൽനിന്നാണു പിടികൂടിയത്. സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു തിരക്കേറിയ വഴിയിൽവച്ച് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. സാഹിലും സാക്ഷിയും അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ഭിത്തിയോടു ചേർത്തു നിർത്തിയശേഷം തുടരെ കുത്തുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.