കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (ജൂനിയർ ടൈംസ് സ്‌കെയിൽ) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആർ.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും.
മുൻസർവ്വീസിൽ നിന്നും കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും. ട്രെയിനിംഗ് പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻസർവ്വീസിൽ നിന്നും വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ പ്രസ്തുത തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.
18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വർഷം പ്രീ-സർവ്വീസ് പരിശീലനവും സർവ്വീസിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.