Spread the love
കുരങ്ങുപനി തടയാൻ യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

കുരങ്ങ് പനി തടയുന്നതിനാവശ്യമായ ചില മുൻ കരുതൽ നിർദ്ദേശങ്ങൾ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രക്കാർക്കായി മുന്നോട്ട് വെക്കുന്നു.

യാത്രക്കാരന് കുരങ്ങുപനിക്ക് സാമ്യമുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ രോഗം യഥാർത്ഥത്തിൽ സ്ഥിരികരിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയിരുന്നെങ്കിലോ ഐസൊലേഷൻ കാലയളവിലാണെങ്കിലോ യാത്ര വൈകിപ്പിക്കാൻ അതോറിറ്റി നിർദ്ദേശിക്കുന്നു.

യാത്രാവേളയിൽ, ത്വക്കിലോ രഹസ്യ ഭാഗങ്ങളിലോ മുറിവുകളുള്ളവർ ഉൾപ്പെടെയുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക, മസാജ് പോലുള്ള നേരിട്ടുള്ള ശാരീരിക സമ്പർക്കം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നിവയും അതോറിറ്റി ശുപാർശ ചെയ്യുന്നു.

മാസ്ക് ധരിക്കുക, കൂടാതെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, കുറഞ്ഞത് 60% സാന്ദ്രതയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയും അതോറിറ്റി നിർദ്ദേശിക്കുന്നുണ്ട്.

എലികൾ, അണ്ണാൻ, കുരങ്ങുകൾ എന്നിവയുൾപ്പെടെ ചത്തതോ ജീവിച്ചിരിക്കുന്നതോ ആയ ജീവികളുമായി സമ്പർക്കം ഒഴിവാക്കുക,, വന്യമൃഗങ്ങളുടെ മാംസം കഴിക്കുകയോ തയ്യാറാക്കുകയോ ചെയ്യരുത്, അല്ലെങ്കിൽ ആഫ്രിക്കയിൽ നിന്നുള്ള വന്യമൃഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഉൽപ്പന്നങ്ങളായ ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക, മൃഗങ്ങളുമായി ജോലിയാവശ്യാർഥം യാത്ര ചെയ്യുമ്പോൾ മാസ്ക്, കൈയുറ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ധരിക്കുക, രോഗത്തിന് സമാനമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഐസൊലേഷനും ചികിത്സയും സ്വീകരിക്കുക എന്നിവയും അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ആണ്.

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം രോഗത്തിന് സമാനമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, യാത്രക്കാരൻ മറ്റുള്ളവരിൽ നിന്ന് സ്വയം വിട്ട് നിൽക്കുകയും ആരോഗ്യ മന്ത്രാലയവുമായി- 937-ൽ ആശയവിനിമയം നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും വിഖായ ഓർമ്മിപ്പിക്കുന്നു.

Leave a Reply