Spread the love
സ്കൂൾ കെട്ടിടത്തിന് മതിയായ സുരക്ഷയില്ല; മലപ്പുറത്ത് അധ്യാപകർക്ക് കൂട്ട സ്ഥലം മാറ്റം

മലപ്പുറം ചേളാരി ജി വി എച്ച്‌ എസ് സ്കൂളിലെ പതിനെട്ട് അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം. സ്കൂള്‍ കെട്ടിടത്തിന് മതിയായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതോടെ ക്ലാസ് മുറികളുടെ എണ്ണം കുറച്ചതാണ് കൂട്ട സ്ഥലം മാറ്റത്തിന് കാരണം.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ഇതോടെയാണ് ഷീറ്റ് മറച്ച്‌ ക്ലാസ് മുറികളാെരുക്കേണ്ടി വന്നത്. എന്നാല്‍ സുരക്ഷാകാരണത്താല്‍ ഈ ക്ലാസ്മുറികളില്‍ കുട്ടികളെ പഠിപ്പിക്കാനാവില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

പത്താം തരത്തില്‍ നൂറ് ശതമാനവും ജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളിലൊന്നാണ് മലപ്പുറം ചേളാരി ജി വി എച്ച്‌ എസ് സ്കൂള്‍. നിലവില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് ചേളാരി ജി വി എച്ച്‌ എസ് സ്കൂളില്‍ പഠിക്കുന്നത്. 55 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. പക്ഷെ, ഷീറ്റിട്ട് മറച്ച കാലപ്പഴക്കമുള്ള കെട്ടിടങ്ങളിലാണ് കുട്ടികളെയിരുത്തി പഠിപ്പിച്ചിരുന്നത്. ഫിറ്റ്നസ് പരിശോധനയില്‍ 21 മുറികളുള്ള മൂന്ന് നില കെട്ടിടം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയിരുന്നു. മറ്റു കെട്ടിടങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും ഇതിലേക്ക് മാറണം എന്നായിരുന്നു നിര്‍ദ്ദേശം.

കുറഞ്ഞ ക്ലാസ് മുറികളുടെ എണ്ണം കൂടി പരിഗണിച്ചപ്പോള്‍ 18 അധ്യാപക സ്ഥലം മാറ്റുകയായിരുന്നു. കുട്ടികള്‍ തിങ്ങി ഞെരുങ്ങി പഠിക്കേണ്ടതിനൊപ്പം ഇനി അധ്യാപകരുടെ കുറവും പഠനത്തെ ബാധിക്കും എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. സുരക്ഷിതമാണെന്ന് കണ്ടെത്തിയ കെട്ടിടത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് പ്രവര്‍ത്തിപ്പിച്ചാല്‍ അധ്യാപകരെ നിലനിര്‍ത്താമായിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം വെച്ചപ്പോള്‍ പിടിഎ അതിന് വഴങ്ങിയില്ലെന്നുമാണ് ഡിഇയുടെ പ്രതികരണം. ഇതോടെയാണ് അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റലിലേക്ക് പോകേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയും ഫണ്ടും ലഭിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലായില്ലെന്നും ആക്ഷേപമുണ്ട്.

Leave a Reply