തിരുവനന്തപുരം: പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിർപ്പിനെത്തുടർന്ന് സ്കൂൾ ഉച്ചഭക്ഷണപദ്ധതി താത്കാലികമായി പുനഃക്രമീകരിച്ചു. സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ രണ്ടുദിവസം പാലും (150 മില്ലീലിറ്റർ) ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നൽകുന്നത്. സർക്കാർ നൽകുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നൽകാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സർക്കാരിനെ അറിയിച്ചിരുന്നു.
പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ പാലും മുട്ടയും വിതരണം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നിവേദനവും നൽകി. പാചകച്ചെലവ് വർധിപ്പിക്കുന്നത് സംബന്ധിച്ച ശുപാർശ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 150 വരെ കുട്ടികളുള്ള സ്കൂളുകൾക്ക് ഒരുകുട്ടിക്ക് എട്ടുരൂപയും 151 മുതൽ 500 വരെയുള്ളതിന് ഏഴുരൂപയും 500-നുമുകളിൽ ആറുരൂപയുമാണ് നൽകുന്നത്. നിശ്ചിതനിരക്കിനുള്ളിൽ ഉച്ചഭക്ഷണം നൽകാനാവാത്തതിനാൽ കഴിഞ്ഞമാസത്തെ ബില്ലുകൾ പലരും സമർപ്പിച്ചിട്ടില്ല.
ഉച്ചഭക്ഷണപദ്ധതിയിൽ ചേർത്ത കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ അവർക്ക് അർഹമായ അരി ഭക്ഷ്യഭദ്രതാ അലവൻസ് എന്നപേരിൽ നൽകണമെന്ന നിർദേശവും സ്കൂളധികൃതർക്ക് തലവേദനയാവുന്നു.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ദിവസം 100 ഗ്രാം അരിക്കും ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് 150 ഗ്രാം അരിക്കുമാണ് അർഹത. വിദ്യാർഥികൾ എത്താത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി ഡിസംബർ മൂന്നിനകം നൽകണമെന്നായിരുന്നു നിർദേശം. ഇത്തരത്തിൽ അരി അളന്നും തൂക്കിയും തളർന്നതായി അധ്യാപകർ പറയുന്നു.