വടക്കഞ്ചേരി: കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിൽ. തുരങ്കത്തിലെ സുരക്ഷാക്രമീകരണം അഗ്നിരക്ഷാസേന പരിശോധിച്ചു. തൃശൂർ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.
തുരങ്കത്തിനുള്ളിൽ തീ പിടിത്തമോ മറ്റോ ഉണ്ടായാല്‍ അണയ്‌ക്കുന്നതിന് രണ്ട് ഇലക്ട്രിക് പമ്പുകളും ഒരു ഡീസൽ പമ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അമ്പത് മീറ്റർ ഇടവിട്ട് 21 ഹൈഡ്രന്റ് യൂണിറ്റുകളും സ്ഥാപിച്ചു. 70 ഫയർ എക്സിറ്റിന്ഗ്യുഷര് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിന് സമീപം രണ്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും സ്ഥാപിച്ചു.
തുരങ്കത്തിനുള്ളിലെ അഗ്നിസുരക്ഷാ ഉപകരണങ്ങളുടെ പരിശോധന തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടാം തുരങ്കത്തിനുള്ളിൽ ഗാൻട്രി കോൺക്രീറ്റിങ്, റോഡ്, അഴുക്ക്‌ചാൽ നിർമാണം എന്നിവ പൂർത്തിയായി. വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്. ലൈറ്റുകൾ, എക്സോസ്റ്റ് ഫാനുകൾ, ക്യാമറ എന്നിവ സ്ഥാപിക്കുന്നു. രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. റോഡ് നിർമാണത്തിന് നിലവിലെ കുതിരാൻപാത പൊളിച്ച സ്ഥലത്തെ പാറ പൊട്ടിക്കുന്നുണ്ട്.
സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർമാണം വേഗത്തിലാക്കാൻ നിർദേശിച്ചിരുന്നു. തൃശൂർ കലക്ടറും പണിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. ഏപ്രിലിലോടെ രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും. ആദ്യ തുരങ്കം കഴിഞ്ഞ ജൂലൈ 31-നാണ് തുറന്നു കൊടുത്തത്. രണ്ടാം തുരങ്കത്തിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒന്നാം തുരങ്കത്തിലൂടെ വാഹനങ്ങൾ ഇരുവശത്തേക്കും ക്രമീകരണത്തോടെയാണ് കടത്തി വിടുന്നത്. രണ്ടാം തുരങ്കത്തിൽ നടന്ന അഗ്നിസുരക്ഷാ പരിശോധനക്ക് തൃശൂർ ഫയർസ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്‌ണ, ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ സ്മിനേഷ് കുമാർ, ജിമോദ് എന്നിവർ ഒപ്പമുണ്ടായി.