തിരുവനന്തപുരം : തുടർഭരണം എന്ന ചരിത്ര നേട്ടത്തോടെ 17 പുതുമുഖങ്ങൾ അടക്കം 21 അംഗങ്ങളുമായി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. പിന്നീട് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെക്രട്ടറിയേറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രിയും,സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിലും, സ്മാരഗത്തിലും പുഷ്പാർച്ചന നടത്തിയശേഷമാകും സത്യപ്രതിജ്ഞയ്ക്കായി എത്തുക.ചടങ്ങിൽ തമിഴ്നാട് സർക്കാരിൻറെ പ്രതിനിധിയായി വ്യവസായ മന്ത്രി തങ്കം തേനരശ് എത്തും. ബംഗാളും പ്രതിനിതിയെ അയച്ചിട്ടുണ്ട്.ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ചടങ്ങിൽ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും കോവിഡ് സാഹചര്യത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് പ്രമുഖ നേതാക്കളും, എംഎൽഎമാരും അടക്കം 500 താഴെ പേർക്കാണ് ചടങ്ങിൽ ക്ഷണം. യുഡിഎഫ് നേതാക്കൾ ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനും എടുത്ത സർട്ടിഫിക്കറ്റോ നിർബന്ധമാണ്.
ചടങ്ങിന് മുമ്പ് 52 ഗായകരും, സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീത ആവിഷ്ക്കാരവും പ്രദർശിപ്പിക്കും.അതേസമയം സത്യപ്രതിജ്ഞാ ചടങ്ങുകൾ ലോക്ഡോൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരിക്കണം നടത്തെണ്ടത് എന്ന് ഹൈക്കോടതിയുടെ നിർദ്ദേശവും ഉണ്ട്.