പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാമത്തെ ഷിഫ്റ്റ് നവംബർ ഒന്നുമുതൽ പ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. ഇതിലേക്കായി രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാരെയും രണ്ട് സ്റ്റാഫ് നഴ്‌സുകളെയും താത്കാലികമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ഒരു സ്റ്റാഫ് നഴ്‌സിന്റെയും ഒരു ടെക്‌നീഷ്യന്റെയും വേതനം ആശുപത്രിയിലെ ബ്ലഡ് ബാങ്ക് വഹിക്കും. മറ്റ് രണ്ടു പേരുടെയും വേതനം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി.)യും വഹിക്കും.
ജീവനക്കാരില്ലാത്തതിനാൽ ഒൻപത് ഡയാലിസിസ് യന്ത്രങ്ങളുള്ള യൂണിറ്റിന്റെ ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ജീവനക്കാരെ നിയമിച്ച് കൂടുതൽ രോഗികൾക്ക് ഡയാലിസിസ് സൗകര്യം ഒരുക്കണമെന്ന് എച്ച്.എം.സി. അംഗവും സാമൂഹിക പ്രവർത്തകനുമായ കുറ്റീരി മാനുപ്പയുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. ഇതു വരെ നാമമാത്രമായ രോഗികൾക്ക് ലഭിച്ചിരുന്ന സൗകര്യം രണ്ടാം ഷിഫ്റ്റ് തുടങ്ങുന്നതോടെ കൂടുതൽപ്പേർക്ക് സഹായമാകും.
ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തീയേറ്ററും ജീവനക്കാരുടെ കുറവു മൂലം പ്രവർത്തിപ്പിക്കാത്ത പ്രശ്‌നമുണ്ട്. ഇത് പരിഹരിക്കുന്നതിന് 29-ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ യോഗംചേരും. ജില്ലാ മെഡിക്കൽ ഓഫീസർ, എൻ.എച്ച്.എം. ജില്ലാ കോ-ഓർഡിനേറ്റർ, ആശുപത്രി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട്, ആർ.എം.ഒ. എന്നിവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കലുമായി ബന്ധപ്പെട്ട് നവംബർ രണ്ടിന് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. എച്ച്.എം.സി. അംഗങ്ങളെയും ഡോക്ടർമാരെയും ഉൾപ്പെടുത്തിയാണ് യോഗം. യോഗ തീരുമാനപ്രകാരം മാസ്റ്റർ പ്ലാനിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.