നിലമ്പൂർ: ഷൊര്‍ണൂര്‍ – നിലമ്പൂർ പാതയില്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന അണ്റിസര്വ്ഡ് സ്പെഷല്‍ എക്സ്പ്രസിന് മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. നേരത്തെ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്റ്റോപ് അനുവദിച്ചിരുന്നത്.
കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിലൊന്നാണ് സ്പെഷല്‍ എക്സ്പ്രസായി മാര്‍ച്ച് ഒന്നു മുതല്‍ ഓടി തുടങ്ങുന്നത്. പാതയിലെ മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിക്കാതെയാണ് അന്ന് റെയില്‍വേ ഉത്തരവിറങ്ങിയത്.
അതേസമയം എക്സ്പ്രസ് ആയതിനാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ധനവ് തുടരും. മിനിമം ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. മിനിമം പത്ത് രൂപ എന്നത് 30 രൂപയാകും.
നിലമ്പൂരില്‍ നിന്നും രാവിലെ ഏഴിന് പുറപ്പെട്ട് 8.40 ന് ഷൊര്‍ണൂരിലെത്തുന്ന 06466 നമ്പര്‍ പാസഞ്ചര്‍ വണ്ടിയാണ് എക്സ്പ്രസ് ആയി മാര്‍ച്ച് ഒന്നിന് സര്‍വിസ് ആരംഭിക്കുന്നത്. വൈകീട്ട് 5:55 ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് 7.35 ന് നിലമ്പൂരിലെത്തുന്ന 06473 നമ്പര്‍ സര്‍വിസും മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
എക്സ്പ്രസ് ആക്കിയതോടെ രാവിലെ നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടിക്ക് വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് ഷൊര്‍ണൂരിന് പുറമേ സ്റ്റോപ് അനുവദിച്ചിരുന്നത്. ഇത് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറെ തിരിച്ചടിയാവുമെന്നും ടിക്കറ്റ് വരുമാനത്തില്‍ തന്നെ വലിയതോതില്‍ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ കോവിഡ് നിയന്ത്രണത്തിന് ശേഷം അടുത്തിടെ രാജ്യറാണിയും, കോട്ടയം എക്സ്പ്രസും സര്‍വിസ് പുനരാരംഭിച്ചെങ്കിലും പാതയിലെ ലോക്കല്‍ സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി സബ് സ്റ്റേഷനുകള്‍ അടഞ്ഞുകിടക്കുകയാണ്.
66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ തൊടിയപ്പുലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂര്‍, വല്ലപ്പുഴ, വാടാനാംകുറിശി തുടങ്ങിയ സബ് സ്റ്റേഷനുകളുണ്ട്. മാര്‍ച്ചില്‍ പുനരാരംഭിക്കാനിരിക്കുന്ന എക്സ്പ്രസ് സര്‍വിസില്‍ മാറ്റം വന്നതോടെ ഇവിടങ്ങളിലും വണ്ടി നിര്‍ത്തും. ഹാള്‍ട്ട് ഏജന്റുമാരുടെ കരാര്‍ പുതുക്കുവാനും ഉത്തരവായിട്ടുണ്ട്.