മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തമിഴ്‌നാട് രാവിലെ 7.25 നു തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. സാങ്കേതിക തടസ്സം മൂലം വൈകുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 138 അടി കവിഞ്ഞിരുന്നു. രാവിലെ 6 മണിക്ക് 138.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തുന്നത്. രണ്ടു ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതിന് ശേഷം ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാൻ കേരള സർക്കാർ തയ്യാറാണെന്ന് കേരളത്തിലെ മന്ത്രിമാർ അറിയിച്ചു . തമിഴ്‌നാട് ഷട്ടറുകൾ ഉയർത്തുന്നതിന് മുന്നോടിയായി മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെയുള്ള ആളുകളെ ഒഴിപ്പിക്കുന്നതായി കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.