ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചന നൽകി മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാക്കളും. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം.
കോട്ടയം ജില്ലയിൽ കെ റെയിൽ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്ന് വാകത്താനം മേഖലയിൽ കല്ലിടാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. കുഴിയാലപ്പടിയിൽ കഴിഞ്ഞ രണ്ട് ദിവസമായി കല്ലിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ പ്രതിരോധത്തിൽ പിൻവാങ്ങേണ്ടി വന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് നടപടി പൂർത്തിയാക്കാനാണ് നീക്കമെന്നാണ് സൂചന. എന്നാൽ കോഴിക്കോട് ഇന്നും ഇന്നും സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസം താൽക്കാലികമായി അവസാനിപ്പിച്ചത്.