കങ്ങരപ്പടി : തച്ചംവേലിമലയിൽ മലമ്പാമ്പിന്റെ ആക്രമണത്തിൽ പുല്ലുവെട്ടു തൊഴിലാളിയുടെ ഇടതുകാൽ ഒടിഞ്ഞു. അളമ്പിൽ വീട്ടിൽ സന്തോഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30നായിരുന്നു സംഭവം. തച്ചംവേലിമലയിലെ റെജിയുടെ പറമ്പിൽ യന്ത്രം ഉപയോഗിച്ചു പുല്ലുവെട്ടുന്നതിനിടെയിരുന്നു സംഭവം. യന്ത്രത്തിന്റെ ബ്ലേഡ് ദേഹത്തു മുട്ടിയതോടെ മലമ്പാമ്പ് സന്തോഷിന്റെ ഇടതുകാലിൽ ചുറ്റിവരിഞ്ഞു. ദേഹത്തു ചുറ്റാനുള്ള ശ്രമത്തിനിടയിൽ പാമ്പിന്റെ വാലിൽ സന്തോഷ് പിടിച്ചു.
സന്തോഷിന്റെ നിലവിളി കേട്ടു സമീപത്തുണ്ടായിരുന്ന തൊഴിലാളി ഓടിയെത്തി സന്തോഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഗൺബൂട്ട് ധരിച്ചാണു പുല്ലുവെട്ടിയിരുന്നത്. കാലിന്റെ എല്ലുകൾ ഞെരിഞ്ഞു പൊട്ടിയ നിലയിൽ സന്തോഷിനെ ആദ്യം ഗവ.മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മുൻപ് ഇതേ പറമ്പിൽ നിന്നു 3 മലമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നു സ്ഥലമുടമ പറഞ്ഞു.