Spread the love

കൊച്ചിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശിനി 75 കാരിയായ അച്ചാമ്മ എബ്രഹാമാണ് മരിച്ചത്. മകന്‍ വിനോദ് എബ്രഹാമിനെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികപ്രശ്നങ്ങളുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അരുംകൊല ഉണ്ടായത്. ചമ്പക്കര തുരുത്തി അമ്പലത്തിനു സമീപം ബ്രൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന അച്ചാമ്മയെയാണ് മകന്‍ വെട്ടിക്കൊലപ്പെടുത്തിയത്. മണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്ന് നാട്ടുകാര്‍ പറഞ്ഞു.

അച്ചാമ്മയെ മകന്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നെന്നും പിന്നീട് അമ്മയും മകനുമായി സംസാരിച്ച് മറ്റ് പ്രശ്നങ്ങളില്ലാ എന്നുറപ്പുവരുത്തിയ ശേഷം പോലീസ് മടങ്ങിപ്പോവുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ രാത്രിയോടെ വീടിനുള്ളില്‍ നിന്നും നിലവിളിയും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ശബ്ദവും കേട്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും പോലീസിനെ വിളിച്ചുവരുത്തി.പൂട്ടിക്കിടക്കുന്ന വീടിന്‍റെ വാതില്‍ പൊളിച്ച് പോലീസ് അകത്തുകയറിയപ്പോഴേക്കും വിനോദ് അച്ചാമ്മയെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

പൊലീസ് അടുത്തേക്ക് വരാതിരിക്കാനായി വിനോദ് ഗ്യാസ് തുറന്നുവിടുകയും കുപ്പിച്ചില്ലുകള്‍ വലിച്ചെറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.മാനസിക വിഭ്രാന്തിയില്‍ അക്രമാസക്തനായ ഇയാളെ പിന്നീട് ഏറെ പണിപ്പെട്ടാണ് പോലീസ് കീഴ്പ്പെടുത്തിയത്.വിനോദിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട അച്ചാമ്മയുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും വെള്ളിയാഴ്ച്ച നടക്കും.

Leave a Reply