ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി.
കൊവിഡിന്‍റെ പുതിയ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും. വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയില്‍ എത്തുന്നവരില്‍ പരിശോധനക്കും കര്‍ശന നിരീക്ഷണത്തിനുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ സാധ്യതയുണ്ടെന്ന് ദില്ലി എയിംസിലെ ഡോ. സഞ്ജയ് റായ് പറഞ്ഞു.