ദോഹ: രാജ്യത്ത് വരും ആഴ്ചകളില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം. മൂന്നാം തരംഗം രൂക്ഷമായിട്ടില്ലെന്നും വരും ആഴ്ചകള്‍ നീളുമെന്നും കൊവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാന്‍ അറിയിച്ചു.
രാജ്യത്തെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊവിഡ് വ്യാപനത്തെ നേരിടാന്‍ തയ്യാറാകണമെന്നും ഡോ. അല്‍ ഖാല്‍ ആഹ്വാനം ചെയ്തു. നിലവില്‍ കൊവിഡ് പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ രോഗലക്ഷണങ്ങളാണ് ഉള്ളത്. ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നീളുന്നില്ല.
ഒമിക്രോണ്‍ ലക്ഷണങ്ങള്‍ നേരിയതാണെങ്കിലും വ്യാപനശേഷി ഉയര്‍ന്നതാണ്. പനിയുള്ളവര്‍ വേഗത്തില്‍ മരുന്ന് കഴിക്കുകയും പോഷകം നിറഞ്ഞ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഡോ. അല്‍ഖാല്‍ നിര്‍ദേശിച്ചു.
കൊവിഡ് പോസിറ്റീവായാല്‍ ഗുരുതര രോഗ ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. എന്നാല്‍, വീടുകളില്‍ കഴിയുമ്പോള്‍ ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്ക വിലക്കില്‍ ആയിരിക്കണം. ഗുരുതര രോഗലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍ മേധാവി ഡോ. മുന അല്‍ മസ്ലമാനിയും ശരിവെച്ചു.
കൊവിഡ് പോസിറ്റീവ് ആയവരും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരും 10 ദിവസം ആണ് വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടത്. ഇത്തരക്കാര്‍ ആശുപത്രിയില്‍ എത്തുകയോ, സര്‍ക്കാറിന്റെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയുകയോ ചെയ്യേണ്ട. 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നമില്ലാത്തവര്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ ആരും ആംബുലന്‍സ് സഹായം അഭ്യര്‍ഥിക്കരുത്. അത്യാവശ്യമെങ്കില്‍ മാത്രം വിളിക്കുകയെന്ന് ആംബുലന്‍സ് സര്‍വിസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അലി ദാര്‍വിസ് പറഞ്ഞു. എന്നാല്‍, ഗുരുതര ആവശ്യങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ സഹായത്തിനും 999 നമ്പറില്‍ വിളിക്കാം
മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
- വീട്ടില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ ഉപയോഗിച്ച ശുചിമുറി ഉപയോഗിക്കരുത്.
- ആദ്യ അഞ്ചുദിവസം മുറിയില്‍ നിന്നും പുറത്തിറങ്ങരുത്.
- മുറിയില്‍ ശരിയായ വായു സഞ്ചാരം ഉണ്ടെന്ന ഉറപ്പുവരുത്തുക
- അഞ്ച് ദിവസത്തിന് ശേഷവും വീടുവിട്ട് പുറത്തിറങ്ങരുത്. 10 ദിവസം ഇരിക്കണം
5.സന്ദര്‍ശകരെ വീടുകളില്‍ അനുവദിക്കരുത്
6.വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി ബന്ധപ്പെടാന്‍ ഫോണ്‍ ഉപയോഗിക്കുക - ഭക്ഷണം, മരുന്ന് എന്നിവക്കായി നേരിട്ട് വ്യക്തികളോട് ബന്ധപ്പെടാത്ത രീതിയില്‍ സഹായം ചോദിക്കുക
- പരിചരണം ആവശ്യമെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തെ മാത്രം വിളിക്കുക. അവര്‍ മുറിയില്‍ കയറുമ്പോള്‍ മാസ്‌കും, ഗ്ലൗസും ധരിക്കുക, പിന്നീട് കൈ തന്നായി കഴുകി വൃത്തിയാക്കുക
- കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 16000 എന്ന നമ്പറില്‍ ബന്ധപ്പെടാം.