‘എന്റെ കേരളം എത്ര സുന്ദരം’ ഈ വരികൾ കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക ഗായിക ഉഷ ഉതുപ്പിന്റെ മുഖമാണ്. പാട്ട് കൊണ്ട് മാത്രമല്ല വസ്ത്രധാരണ ശൈലി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന ആളാണ് താരം. വിലമതിക്കുന്നതെന്ന് തോന്നിക്കുന്നതും മനോഹരവുമായ പട്ടുസാരികളും വർണ്ണശബളമായ ആഭരണങ്ങളും നെറ്റിയിലെ വലിയ വട്ടപ്പൊട്ടും എല്ലാം താരത്തെ വളരെയധികം വ്യത്യസ്തയാക്കാറുണ്ട്. ഉഷ ഉതുപ്പ് വലിയ സാരീ പ്രേമിയാണെന്നും താരത്തിന്റെ കയ്യിൽ ഒന്നരക്കോടി വില മതിപ്പുള്ള സാരിയുണ്ടെന്നും പൊതുവേ പ്രചാരണം ഉണ്ടായിരുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ നടത്തിയ ഇന്റർവ്യൂവിൽ അവതാരകൻ അടുത്തിടെ ഇതേക്കുറിച്ച് താരത്തോട് ചോദിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
ഒന്നരക്കോടിയുടെ സാരിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോട് താരം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഒന്നരക്കോടി രൂപയുടെ സാരി പോയിട്ട് താൻ ഒന്നരക്കോടി രൂപ തികച്ചു കണ്ടിട്ടുപോലുമില്ലെന്ന് ഗായിക പറഞ്ഞു. താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വില കൂടിയ സാരിയെക്കുറിച്ചും ഗായിക വാചാലയായി. കഴിഞ്ഞ വർഷം പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയ വേളയിലാണ് താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വിലകൂടിയ സാരി ചുറ്റിയത് എന്ന് ഉഷാ ഉതുപ്പ് വ്യക്തമാക്കി. 85,000 രൂപയായിരുന്നു ആ സാരിയുടെ വില’ എന്നുമാണ് ഉഷ ഉതുപ്പ് പറഞ്ഞത്.