ഫെബ്രുവരി 16നാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ളുവൻസറും സംരഭകയുമായ ആരതി പൊടിയും വിവാഹിതരായത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. താലികെട്ടിനു മുൻപേ തുടങ്ങിയ വിവാഹമാമാങ്കം ഇപ്പോഴും തുടരുകയാണ്. ചാന്ദിനി ഫംഗ്ഷൻ അഥവാ കര്‍വാ ചൗത് ആണ് ഇവരുടെ വിവാഹത്തോട് അനുബന്ധിച്ച് ഏറ്റവുമൊടുവിൽ നടത്തിയ ചടങ്ങ്.
കര്‍വാ ചൗത് ആഘോഷങ്ങളുടെ കോസ്റ്റ്യൂമും ആരതി തന്നെയാണ് ഡിസൈൻ ചെയ്തത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ലെഹങ്കയണിഞ്ഞാണ് ആരതി എത്തിയത്. കറുത്ത കുർത്തയ്ക്കും പാന്റിനുമൊപ്പം ചുവന്ന ഷാൾ അണിഞ്ഞ് കുതിരപ്പുറത്തായിരുന്നു റോബിന്റെ വരവ്. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.”വിവാഹിതയായ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഒരു ചടങ്ങാണ് ചാന്ദിനി ഫംഗ്ക്ഷന്‍ അഥവാ കര്‍വാ ചൗത്. സൂര്യോദയം മുതൽ അസ്തമയം വരെ ഉപവാസം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ഉയര്‍ച്ചയ്ക്കും ആയുസിനും വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുന്നതാണ് കര്‍വാ ചൗത്. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരിക്കുന്നത് അത്ര എളുപ്പമല്ല”, ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം ആസൂത്രണം ചെയ്തത് ആരതിയാണെന്ന് റോബിൻ മുൻപ് പറഞ്ഞിരുന്നു. ഇത്ര ഭംഗിയായി ചടങ്ങുകൾ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും ആരതിക്കുള്ള അഭിനന്ദനങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. ഫെബ്രുവരി പതിനാറിന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. ഹൽദി ആഘോഷത്തോടെയാണ് ഇവരുടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. പിന്നീട് രംഗോളി, സംഗീത് തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.