തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. മുപ്പത് സിനിമകളാണ് അന്തിമ പട്ടികയിൽ ഉള്ളത്. വൈകിട്ട് അഞ്ച് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.
ചലച്ചിത്രലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രമാണുളളത്. മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളും യുവതലമുറയും തമ്മിൽ കടുത്തമൽസരമാണ്. സമീപകാലത്തെങ്ങും ഇത്രയധികം താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബൻ ,പൃഥിരാജ് ,ഇന്ദ്രൻസ്, ജയസൂര്യ. യുവനിരയിൽ ദുൽഖർ സൽമാൻ,, പ്രണവ് മോഹൻലാൽ, ഫഹദ് ഫാസിൽ,ടോവിനോ തോമസ്. കുഞ്ചാക്കോ ബോബന് കന്നി അവാർഡ് കിട്ടുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങൾ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാർഡിനായി എത്തുന്നത് ഇതാദ്യമായാണ്.
മികച്ച നടിക്കുള്ള പുരസ്കാരത്തിനും കടുത്ത മത്സരമാണ്. മഞ്ജു പിള്ള, മഞ്ജു വാരിയർ,പാർവതി തിരുവോത്ത്,അന്ന ബെൻ,ദർശന രാജേന്ദ്രൻ എന്നിവർ അന്തിമപട്ടികയിലുണ്ട്. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഷിദ്ധോ’,അവനോവിലോന, എന്നിവയാണ് മത്സരവിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ എന്നീ പുരസ്കാരങ്ങൾക്കും കടുത്ത മത്സരമാണ്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ.