Spread the love

താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും പ്രതിഫലം വാങ്ങുന്നയാൾ മുതലാളിയുമാണെന്നും നായിക മുതൽ സാങ്കേതികവിദഗ്ധരെ വരെ തീരുമാനിക്കുന്നത് താരങ്ങളാണെന്നും ശ്രീകുമാരൻ തമ്പി വിമർശിച്ചു.

താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമാരംഗത്തെ തകർച്ചയിലേക്ക് നയിക്കുന്നുവെന്ന വാദങ്ങൾക്ക് ശക്തി പകരുന്ന പ്രതികരണമാണ് മുതിർന്ന സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി നടത്തിയത്. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണെന്നതാണ് സ്ഥിതി. കോടികൾ കൊടുത്തിട്ടും കാലുപിടിക്കണമെന്ന അവസ്ഥ. സിനിമയിലെ നായികയെയും സാങ്കേതികവിദഗ്ധരെയും തീരുമാനിക്കുന്നതിലും താരത്തിന്റെ ഇഷ്ടം നോക്കണം. നിർമാതാക്കളുടെ അവസ്ഥ മനസിലാകണമെങ്കിൽ അഭിനേതാക്കളും നിർമാണരംഗത്തേക്ക് വരണമെന്നും ശ്രീകുമാരൻ തമ്പി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രണ്ട് ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ്എന്ന നിലയിലാണ് ഈ കുറിപ്പെഴുതുന്നതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നുണ്ട്. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് നിർമ്മതാക്കൾ സമരത്തിലേക്ക് തിരിയാനൊരുങ്ങുമ്പോഴാണ് സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തനപാരമ്പര്യമുള്ള ശ്രീകുമാരൻ തമ്പിയുടെ തുറന്ന് പറച്ചിലെന്നതും ശ്രദ്ധേയമാണ്.

Leave a Reply